“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 5 June 2012

അറിവിന്‍െറ ആകാശത്തേക്ക് അവശതയെ അതിജീവിച്ച് റാഷിദ്.

 കുറ്റിക്കാട്ടൂര്‍ :  ശിങ്കാരിമേളവും ഘോഷയാത്രയും കൊടിതോരണങ്ങളുമായി പ്രവേശോത്സവം നടക്കുന്ന സ്കൂള്‍ അങ്കണത്തേക്ക് ഖദീജ ടീച്ചറോടൊപ്പം തന്‍െറ വീല്‍ചെയറില്‍ മുഹമ്മദ് റാഷിദ ് എത്തിയത് എട്ടാംക്ളാസ് പ്രവേശത്തിന്. പുത്തനുടുപ്പില്‍ ചുളിവു വീഴ്ത്താതെ വര്‍ണപങ്കകളും പൂക്കളും പിടിച്ച് മുന്‍നിരയിലിരിക്കുന്ന ഒന്നാംക്ളാസുകാരുടെ കൂടെ റാഷിദും ഇരുന്നു, അവരോട് കുശലംചോദിച്ചു, അവരേക്കാള്‍ കൗതുകം പ്രകടിപ്പിച്ചു. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സ്കൂള്‍കുട്ടിയായെത്തുകയാണ് റാഷിദ് എന്ന 13കാരന്‍.
കുറ്റിക്കാട്ടൂര്‍ അബ്ദുള്‍ റഹ്മാന്‍-സാദിറ ദമ്പതികളുടെ മൂത്തമകനായ റാഷിദ് പഠിക്കാന്‍ ഉത്സാഹം കാണിക്കുന്ന കുട്ടിയായിരുന്നു. മലപ്പുറം ചേലുംപാടം യു.പി സ്കൂളില്‍ രണ്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് വിധി റാഷിദിനെ ബാല്യത്തിന്‍െറ കുസൃതികളില്‍നിന്ന് ആശുപത്രികിടക്കയിലെത്തിച്ചത്.
2004ല്‍ പന്തീരാങ്കാവ്-തൊണ്ടയാട് ബൈപാസില്‍ നടന്ന ഒരപകടത്തില്‍ അരക്കു കീഴോട്ട് തകര്‍ന്നെങ്കിലും മകന്‍െറ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു മാതാപിതാക്കള്‍.
ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ നാലു ചുമരുകളില്‍ റാഷിദിനെ ഒതുക്കാന്‍ അവന്‍െറ കൂട്ടുകാര്‍ ഒരുക്കമല്ലായിരുന്നു.അവര്‍ റാഷിദിനു ചുറ്റും കളിക്കളം സൃഷ്ടിച്ചു. വീല്‍ ചെയറില്‍ ഇരിക്കാമെന്നായപ്പോള്‍ മെല്ലെ തങ്ങളുടെ കുട്ടിക്കുറുമ്പുകളിലേക്ക് അവനെയും കൂട്ടി പുറത്തിറങ്ങി. ഉമ്മ സാദിറ പഴയ പാഠപുസ്തകങ്ങള്‍ ശേഖരിച്ച് അവനെ പഠിപ്പിച്ചു തുടങ്ങി. ഒട്ടും അലസതകാണിക്കാതെ റാഷിദും അറിവിന്‍െറ ലോകത്തേക്ക് പിച്ചവെച്ചുതുടങ്ങി. പത്രങ്ങളും വാര്‍ത്താ ചാനലുകളും അവന്‍ മുടങ്ങാതെ ശ്രദ്ധിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ശ്രദ്ധാകേന്ദ്രമെന്ന പദ്ധതിയുടെ ഭാഗമായി കിടപ്പിലായ കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങള്‍ മനസ്സിലാക്കി വിദ്യാലയങ്ങളിലേക്ക് തിരിച്ചയക്കുന്ന ‘കാന്‍റില്‍’ പരിപാടിയില്‍ ടീച്ചറായ സമീറ, മുഹമ്മദ് റാഷിദിനെ പരിചയപ്പെടുകയും സ്കൂളിലേക്ക് പോകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. അങ്ങനെയാണ് റാഷിദ് പെരിങ്ങളം ജി.യു.പി സ്കൂളില്‍ ഏഴാം തരത്തില്‍ പ്രൈവറ്റായി ചേര്‍ന്ന് സഥിരമായി സ്കൂളില്‍ പോയിതുടങ്ങിയത്.
ഓട്ടോറിക്ഷയിലുള്ള സ്കൂള്‍ യാത്രയില്‍ ഓട്ടോയുടെ പിന്‍സീറ്റിലിരുന്ന് വെറും കാഴ്ചകള്‍ കാണാതെ ഓട്ടോ എങ്ങനെ ഓടിക്കുന്നുവെന്നാണ് റാഷിദ് നോക്കിയിരുന്നത്. പിന്നീട് വീട്ടുകാരുടെ സഹായത്തോടെ വീട്ടിലുള്ള ‘സ്കൂട്ടി’ മെല്ലെ ഓടിച്ചു തുടങ്ങി. മൂന്നു ചക്രങ്ങള്‍വെച്ച് ശരിയാക്കിയ തന്‍െറ സ്കൂട്ടി ഇപ്പോള്‍ റാഷിദ് നന്നായി ഓടിക്കും.
ഏഴാം ക്ളാസ് മികച്ച മാര്‍ക്കോടെ പാസായ റാഷിദ് പെരിങ്ങൊളം ജി.എച്ച്.എസ്.എസില്‍ എട്ടാം ക്ളാസുകാരനായി ചേര്‍ന്നു. ഇനി ഹാജര്‍ പുസ്തകത്തില്‍ പേരുള്ള എല്ലാ ടേം പരീക്ഷയും എഴുതുന്ന കുട്ടിയായി റാഷിദിനും ക്ളാസിലിരിക്കാം. പഠിക്കണം, പഠിച്ചു നല്ല ജോലി നേടണം-തന്‍െറ ശാരീരികപോരായ്മകളെയും വേദനകളെയും വെല്ലുവിളിച്ച് അറിവിന്‍െറ നിറവിലൂടെ സ്വപ്നങ്ങളെത്തിപ്പിടിക്കാന്‍ പരിശ്രമിക്കുകയാണ് റാഷിദ്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More