“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 3 September 2018

ഐലൻ കുർദിയുടെ ഓർമകളിൽ സെപ്റ്റംബർ 2.


 2015 സെപ്റ്റംബർ 2 നാണ്  വേദനയോടെ ലോകം ആ ചിത്രം കണ്ടത്. കരയിച്ച ഈചിത്രത്തെ  ഓർമിച്ചു കൊണ്ട് ഒരിക്കൽ കൂടി സപ്തംബർ കടന്നു പോയി.
2015 സെപ്തംബർ 2 ന് പുലരിയിൽ തുർക്കിയിലെ ബ്രോഡം തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിനെ ആദ്യം കണ്ടത് മെഹ് മദ് സിപ്ലക് എന്ന പോലീസുകാരനായിരുന്നു.ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഓടി ചെന്ന് അദ്ദേഹം മൂന്ന് വയസ് പ്രായമുള്ള ആ കുഞ്ഞു ശരീരം വാരിയെടുത്തു.ചേതനയറ്റ ശരീരമാണെന്നറിഞ്ഞ ആ പോലീസ്കാരന്റെ ഹൃദയം തകർന്ന നിമിഷങ്ങൾ.പിറ്റേന്ന് ലോകത്തുള്ള പത്രങ്ങളിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടു.ചിത്രം കണ്ട ലോകത്തെമ്പാടുള്ള ജനങ്ങൾ ഐലന് വേണ്ടി കണ്ണീർ പൊഴിച്ചു.ചിലർ കാണാനാവാതെ കണ്ണുപൊത്തി.
നിലുഫർ ഡെമിർ എന്ന 29കാരിയുടെ ക്യാമറയിൽ പതിഞ്ഞ ആ ചിത്രം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചയായി.ഐലന്റ ചിത്രം ലോകത്തെ ഉണർത്തിയപ്പോൾ അധികം അകലെയല്ലാതെ അവന്റെ ജ്യേഷ്ഠൻ അഞ്ചു വയസുകാരൻ ഗലിപും കരക്കടിഞ്ഞിരുന്നു. അതിനുമപ്പുറത്തെ തീരത്ത്  ഇരുവരുടേയും അമ്മ റീഹാന്റെയും.തുർക്കിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ കടന്നാൽ ഗ്രീക്ക് തീരമണിയാം.അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഓരോ അഭയാർത്ഥിയും കടൽ കടക്കുന്നത്.സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബാർബറായിരുന്നു അബ്ദുള്ള കുർദി.2010 ൽ റീഹാനെ നിക്കാഹ് ചെയ്തു.2011 മുതലാണ് സിറിയയിൽ കലാപം തുടങ്ങുന്നത്.ഡമാസ്കസിൽ നിന്ന് റീഹാന്റെ നാടായ കൊബാനിയിൽ താമസം മാറ്റിയെങ്കിലും സംഘർഷം അവിടെയുമെത്തി.തുടർന്ന് 2012ൽ പലരേയും പോലെ തുർക്കിയിലേക്ക് പലായനം ചെയ്തു.തുടർന്ന് ഇസ്താംബൂളിലേക്ക് നീങ്ങിയ അബ്ദുള്ള ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും ഭാര്യയേയും മക്കളേയും പട്ടിണിക്കിടാതെ നോക്കാൻ കഴിയുമായിരുന്നില്ല.കാനഡയിലേക്ക് 20 വർഷം മുൻപ് കുടിയേറിയ സഹോദരി തിമ അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നത്.തിമയും ഹെയർ ഡ്രസറാണ്.കടൽ കടന്ന് ഗ്രീക്ക് ദ്വീപായ കോസിൽ എത്തിയാൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ജർമ്മനിയിലെത്താം,അതിനു സഹായിച്ചതും തിമയാണ്.ഇതേ രീതിയിൽ ജീവിതം മെച്ചപ്പെടുത്തിയതാണ് സഹോദരൻ മുഹമ്മദ്.റീഹാന് പേടിയായിരുന്നു എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്തലറിയില്ലെന്നും തിമയോട് യാത്രക്കു മുൻപ് പറഞ്ഞിരുന്നു.പരമാവധി 8 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 16 പേരുമായാണ് ബോട്ട് യാത്ര തുടങ്ങിയത്.ഏറെ കഴിയും മുമ്പേ കടൽ പ്രക്ഷുബ്ദമായി.ബോട്ട് ആടിയുലഞ്ഞു.യാത്രക്കാരെ ഉപേക്ഷിച്ച് ക്യാപ്റ്റൻ കടലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് ബോട്ട് നിയന്ത്രിച്ചത് അബ്ദുള്ളയായിരുന്നു.തന്റെ ഭാര്യയേയും മക്കളേയും ഒരു കയ്യിൽ ചേർത്തു പിടിച്ച് മറുകയ്യിൽ അദ്ദേഹം സ്റ്റിയറിംഗ് നിയന്ത്രിച്ചു.എന്നാൽ പ്രിയപ്പെട്ടവരെ ഓരോരുത്തരായി തിരമാലകൾ കവർന്നു.അടുത്ത പ്രഭാതത്തിൽ തുർക്കിയുടെ തീരത്ത് ആ സിറിയൻ കുട്ടികളുടേയും അമ്മയുടേയും മൃതദേഹങ്ങൾ കരക്കടിഞ്ഞു.തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന അബ്ദുള്ളയേയും മറ്റു ചിലരേയും മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി.'എന്റെ മക്കളെ മനുഷ്യരെപ്പോലെ വളർത്താൻ ഞാൻ ആഗ്രഹിച്ചു.അവരെ പിടിച്ചു നിർത്താൻ എല്ലാ ശക്തിയും പ്രയോഗിച്ചു.പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ടവരെ ഞാൻ മരണത്തിലേക്ക് നയിച്ചെന്ന് മരിക്കും വരെ എന്നെ കുറ്റപ്പെടുത്തും.' സംഭവത്തിനു ശേഷം അബ്ദുള്ളയുടെ വാക്കുകളാണിത്.
തന്റെ രണ്ട് മക്കളുടേയും ഭാര്യയുടേയും മൃതദേഹങ്ങൾ അബ്ദുള്ള തന്നെയാണ് തുർക്കിയിൽ നിന്ന് ഏറ്റുവാങ്ങിയത്.ജീവനറ്റ ശരീരങ്ങൾക്കു മുന്നിൽ കരഞ്ഞു തളർന്ന അദ്ദേഹം ബോധരഹിതനായി.തങ്ങളുടെ ദുരിതം ലോകം കാണണമെന്ന് അദ്ദേഹം പറഞ്ഞു.ഇത് അവസാനത്തെ അനുഭവമാകണമെന്നും മറ്റൊരാൾക്കും ഇനിയിങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.തുർക്കിയിൽ നിന്ന് സിറിയയിലെത്തിച്ച മൃതദേഹങ്ങൾ കൊബാനിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കം ചെയ്തു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More