“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 9 April 2013

മാമ്പുഴക്ക് വീണ്ടും മരണമണി


മാമ്പുഴ ജനകീയ ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര് വിനോദ് പടനിലം ഉത്ഘാടനം ചെയ്യുന്നു .(ഫയല്‍  ചിത്രം
 കുറ്റിക്കാട്ടൂര്‍ : പുഴക്കും പ്രകൃതിക്കും വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്‍െറ പ്രതീകമായിരുന്ന മാമ്പുഴ, മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച് മരണാസന്നമാവുന്നു. മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുഴയുടെ വീണ്ടെടുപ്പിനായുള്ള ശ്രമങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും പുഴയില്‍ കുന്നുകൂടുന്ന മാലിന്യവുമാണ് മാമ്പുഴക്ക് വീണ്ടും മരണമണിയൊരുക്കുന്നത്.
2010 നവംബറിലാണ് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുഴ വീണ്ടെടുപ്പിന് തുടക്കമിട്ടത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത സെമിനാറുകളും ബോധവത്കരണവും മാലിന്യ നിര്‍മാര്‍ജനവുമായി നാട്ടുകാര്‍ ഏറെ ദൂരം പിന്നിട്ടതോടെ പുഴയുടെ അതിരുകള്‍ നിര്‍ണയിച്ച് കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ സര്‍വേ നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തോളമായി തുടരുന്ന സര്‍വേ പലപ്പോഴും ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്. മൂന്നു ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിപ്പുഴയുമായി ചേരുന്ന പുഴയുടെ നല്ലൊരു ഭാഗം ഇനിയും സര്‍വേ നടക്കാന്‍ ബാക്കിയാണ്. പൂര്‍ത്തിയായ ഭാഗങ്ങളില്‍ വ്യാപകമായി കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിനൊരു നടപടിയില്ലാതെ പോവുന്നത് വീണ്ടുംകൈയേറ്റത്തിന് കളമൊരുക്കുമെന്ന ആശങ്ക പുഴ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുണ്ട്. പുഴയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന ചില വന്‍ സ്വകാര്യ പദ്ധതികള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
നാട്ടുകാര്‍ക്ക് പുറമെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും തൊഴിലുറപ്പ് പ്രവര്‍ത്തകരും വല്ലപ്പോഴുമെത്തി പ്ളാസ്റ്റിക് മാലിന്യംനീക്കുന്നതൊഴിച്ചാല്‍ മാലിന്യം പൂര്‍ണമായും വാരി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തല പദ്ധതികളൊന്നും നടപ്പായിട്ടില്ല. റവന്യൂ, ടൂറിസം, ജലവിഭവ മന്ത്രിമാര്‍ക്കെല്ലാം മാമ്പുഴ സംരക്ഷണ സമിതി നിരവധി തവണ പരാതി നല്‍കിയതാണ്.
എന്നാല്‍, പുതിയ വാര്‍ഷിക പദ്ധതിയിലും പുഴയുടെ വീണ്ടെടുപ്പിനായി ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയിലും മാമ്പുഴക്ക് പരിഗണന ലഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍െറ കോഴിക്കോട് മാസ്റ്റര്‍ പ്ളാനില്‍ മാമ്പുഴക്കായി നിര്‍ദേശം ഉയര്‍ന്നിരുന്നു. പുഴയിലെ വെള്ളത്തിന്‍െറ ഗുണനിലവാരവും മറ്റ് സാധ്യതകളും പരിശോധിക്കാന്‍ സി.ഡബ്ള്യു.ആര്‍.ഡി.എം നടത്തുന്ന പഠനത്തിന് അഡ്വ. പി.ടി.എ റഹീം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വകയിരുത്തിയ അഞ്ചു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് പുഴ സംരക്ഷണത്തിനായി ലഭിച്ചത്.
വേനല്‍ കടുത്തതോടെ പ്രഭവകേന്ദ്രങ്ങള്‍ വറ്റി ഒഴുക്കു നിലച്ച മാമ്പുഴ പൂര്‍ണമായും മാലിന്യം മൂടിയിട്ടുണ്ട്. ഇതിനിടയില്‍ വന്‍തോതില്‍ ജലമൂറ്റും നടക്കുന്നതായി ആക്ഷേപമുണ്ട്. വരണ്ടുണങ്ങുന്ന പുഴയില്‍ കക്കൂസ്, ഇറച്ചിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ ഈയിടെ നാട്ടുകാര്‍ ഉറക്കമിളച്ചിരുന്ന് പിടികൂടിയിരുന്നു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.
സര്‍വേ പൂര്‍ത്തിയാക്കാത്തതാണ് പുഴ സംരക്ഷണത്തിന് പദ്ധതികള്‍ കൊണ്ടുവരുന്നതിനുള്ള തടസ്സമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത സര്‍വേ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് മാമ്പുഴ സംരക്ഷണ സമിതി.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More