“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday, 5 May 2014

തണലും കുളിരുമായ മക്കള്‍ വിട പറഞ്ഞു,അഞ്ചുപേരില്‍ ആ ജീവന്‍ ഇനിയും തുടിക്കും


സചിന്‍കുമാര്‍ (21), സന്ദീപ് (18)
  കുറ്റിക്കാട്ടൂര്‍ : ഹൃദയം തണുത്തുറഞ്ഞുപോവുന്ന നിമിഷത്തിലും വേദന കടിച്ചമര്‍ത്തിയ ആ മാതാവ്, വെന്‍റിലേറ്ററില്‍ മരണത്തോടടുത്തുകൊണ്ടിരുന്ന സചിന് അന്ത്യചുംബനം നല്‍കി. പിന്നെ ദൃഢനിശ്ചയം സ്ഫുരിക്കുന്ന മനസ്സോടെ തീരുമാനമെടുത്തു, അവന്‍െറ കണ്ണും കരളും വൃക്കയും മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്ന്. പ്രതീക്ഷയുടെ ചെറിയൊരു തിരിനാളംപോലും ബാക്കിയില്ലെന്ന് രണ്ട് സമയങ്ങളായി ഡോക്ടര്‍മാരുടെ പാനല്‍ വിധിയെഴുതിയതോടെയായിരുന്നു ആ അമ്മയുടെ തീരുമാനം.
വെള്ളിയാഴ്ച സുല്‍ത്താന്‍ ബത്തേരി-ഊട്ടി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് മരിച്ച ഒളവണ്ണ ഒടുമ്പ്ര കരുവള്ളി സചിന്‍കുമാര്‍ (21), സന്ദീപ് (18) എന്നിവരുടെ അമ്മ ഒടുമ്പ്ര എ.എല്‍.പി സ്കൂള്‍ അധ്യാപിക റജീനയാണ് നന്മയുടെ മറ്റൊരു പാഠം പകര്‍ന്നുനല്‍കിയത്. ആകെയുള്ള രണ്ട് മക്കളുടെ വേര്‍പാടിന്‍െറ വേദനക്കിടയിലും മസ്തിഷ്കമരണം സംഭവിച്ച മൂത്ത മകന്‍െറ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷയാവട്ടെയെന്ന് ഈ അമ്മ തീരുമാനിക്കുകയായിരുന്നു. 2008ല്‍ രോഗബാധിതനായി മരിച്ച ഭര്‍ത്താവ് സഞ്ജീവ്കുമാറിന് പിറകെ മക്കള്‍ കൂടി യാത്രയായതോടെ ആ അമ്മക്ക് ഓര്‍ക്കാന്‍ ബാക്കിയായത് ഈ പുണ്യം. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ഏറെ വൈകാതെ മരിച്ചിരുന്നു. ശനിയാഴ്ച മോര്‍ച്ചറിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെത്തുന്ന സന്ദീപിന്‍െറ ചേതനയറ്റ ശരീരത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് സചിന്‍െറ മസ്തിഷ്കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് റജീന ആശുപത്രിയിലെത്തി മകന്‍െറ അവയവങ്ങള്‍ ദാനംചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ നടത്തിയ ശസ്ത്രക്രിയയില്‍ സചിന്‍െറ ഇരു കണ്ണുകളും വൃക്കകളും കരളും നീക്കം ചെയ്തു. കരള്‍ മിംസില്‍ ചികിത്സയിലുള്ള വയനാട് സ്വദേശിയായ 50കാരനും വൃക്കകളിലൊന്ന് രാമനാട്ടുകരയിലെ 35കാരിക്കുമാണ് മാറ്റിവെച്ചത്. മറ്റൊരു വൃക്ക മെഡിക്കല്‍ കോളജാശുപത്രിയിലെ രോഗിക്കാണ് നല്‍കിയത്. കണ്ണുകള്‍ രണ്ടും കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ രണ്ട് രോഗികള്‍ക്ക് കൈമാറി. പുലര്‍ച്ചയോളം നീണ്ട ശസ്ത്രക്രിയകള്‍ക്ക് മിംസിലെ ഡോക്ടര്‍മാരായ സജീഷ് സഹദേവന്‍, രാജേഷ് നമ്പ്യാര്‍, രോഹിത് രവീന്ദ്രന്‍, ശ്രീലക്ഷ്മി, അനീഷ്കുമാര്‍, ടോണി ജോസ്, ഹരിഗോവിന്ദ്, ആശിഷ് ജിന്‍ഡാല്‍, ഫിറോസ് അസീസ്, ബെനില്‍ ഹഫീഖ് തുടങ്ങി വലിയൊരു പാനല്‍ നേതൃത്വം നല്‍കി.
സചിന്‍കുമാറിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച അഞ്ചോടെ മാങ്കാവ് മാനാരി ശ്മശാനത്തില്‍ സംസ്കരിച്ചു. സചിന്‍ കോയമ്പത്തൂര്‍ സി.എം.എസ് കോളജ് അവസാനവര്‍ഷ വിദ്യാര്‍ഥിയും സന്ദീപ് കോഴിക്കോട് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥിയുമായിരുന്നു. 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More