“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 14 March 2013

മൂന്നുതവണ വൃക്ക മാറ്റിവെച്ചിട്ടും തളരാതെ ബഷീര്‍

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

ബഷീര്‍
കുറ്റിക്കാട്ടൂര്‍ : വൃക്കകള്‍ ഇനിയെത്ര പണിമുടക്കിയാലും ബഷീര്‍ തളരില്ല. പ്രതിസന്ധികളില്‍ അരിച്ചെടുത്ത ജീവിതം അത്രമേല്‍ ആത്മവിശ്വാസമാണ് ബഷീറിന് സമ്മാനിച്ചത്. വൃക്കരോഗം തിരിച്ചറിയുമ്പോള്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീണ കഥകളാണ് രോഗികള്‍ പറയാറുള്ളത്. 13 വര്‍ഷത്തിനിടെ മൂന്നു തവണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഈ 49കാരന് പക്ഷേ വിസ്മയകരമായ വിജയകഥകളാണ് പറയാനുള്ളത്. ’91ല്‍ വിവാഹം കഴിഞ്ഞ് മധുവിധുവിനിടെയാണ് കാട്ടില്‍പീടികയിലെ ടി.ടി. ബഷീര്‍ വൃക്കരോഗം തിരിച്ചറിഞ്ഞത്. ഭാര്യ സഫിയയുടെ മുഖത്ത് നോക്കുമ്പോള്‍ മാത്രമാണ് ബഷീറിന് സങ്കടം തോന്നിയത്. എന്നാല്‍, അവള്‍ ഒട്ടും നിരാശപ്പെടാതെ ഭര്‍ത്താവിന് ആത്മധൈര്യം പകര്‍ന്നു. ബഷീര്‍ ചികിത്സയുടെ വഴികള്‍ തേടി ആറു മാസത്തോളം മരുന്നു കഴിച്ചു. അതിനിടെ കോഴിക്കോട്ടെ ശ്രീഹരി ലോഡ്ജില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. അപ്പോഴേക്കും ഉമ്മ മകന് വൃക്ക നല്‍കാന്‍ തയാറായി. നാട്ടുകാരുടെയും കുടുംബത്തിന്‍െറയും സ
ഹായത്തോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ, ഒരു വര്‍ഷം കഴിയുമ്പോഴേക്കും മാറ്റിവെച്ച വൃക്ക പണിമുടക്കി.
ചെന്നൈയിലെ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പക്ഷേ, വൃക്ക ആരു നല്‍കുമെന്ന ആലോചനക്കിടയില്‍ തമിഴ്നാട് സ്വദേശിനിയായ ഇന്ദ്രാണിയുടെ സഹായം കിട്ടി. ബന്ധുവിന് വൃക്കദാനത്തിന് തയാറായി വന്നതായിരുന്നു ഇന്ദ്രാണി. എന്നാല്‍, ഇന്ദ്രാണിയുടെ വൃക്ക ബന്ധുവിന് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ബഷീര്‍ ഇവരുമായി ബന്ധപ്പെട്ടു. യുവതി വൃക്കദാനത്തിന് സമ്മതിച്ചു. പരിശോധനയില്‍ ഇന്ദ്രാണിയുടെ വൃക്ക ബഷീറിന് ചേരുമെന്ന് കണ്ടെത്തി. ശസ്ത്രക്രിയക്കു ശേഷം ബഷീര്‍ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അപ്പോഴേക്കും സാമ്പത്തിക ബാധ്യതകള്‍ കുന്നുകൂടിയിരുന്നു. പക്ഷേ, ബഷീര്‍ തളര്‍ന്നില്ല. ആരോഗ്യത്തിന്‍െറ പരിമിതികള്‍ക്കിടയിലും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഷാര്‍ജയില്‍ പോയി. രോഗം വരുന്നതിനു മുമ്പ് കുവൈത്തില്‍ ജോലി ചെയ്ത പരിചയമുണ്ടായിരുന്നു. ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴാണ് പ്രതിസന്ധി വൃക്കരോഗത്തിന്‍െറ രൂപത്തില്‍ ബഷീറിനെ നേരിട്ടത്. ഷാര്‍ജയിലെത്തി ടെക്സ്റ്റൈല്‍ ബിസിനസിലേര്‍പ്പെട്ട ബഷീറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കുറഞ്ഞ കാലം കൊണ്ട് ഒമാനിലും വ്യാപാരം തുടങ്ങാനായി.
ഇതിനിടെ ബഷീര്‍-സഫിയ ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ പിറന്നു. മിസ്ബാഹും ഷര്‍ഹബീലും. രണ്ടാമത്തെ വൃക്ക മാറ്റിവെക്കലിനുശേഷം 18 വര്‍ഷം വലിയ പ്രയാസങ്ങളില്ലാതെ കടന്നുപോയി. 19ാമത്തെ വര്‍ഷമായപ്പോഴേക്കും വൃക്ക പൂര്‍ണമായും പണിമുടക്കി. ഇത്തവണ ബഷീറിന് വൃക്ക നല്‍കാന്‍ സഹോദരന്‍ കാസിമാണ് തയാറായത്. ഒരു വര്‍ഷം മുമ്പ് ചെന്നൈയിലെ ആശുപത്രിയില്‍ ബഷീറിന് മൂന്നാമതും വൃക്ക മാറ്റിവെച്ചു. മൂന്നാമത്തെ ശസ്ത്രക്രിയ വിജയിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ബഷീറിന്‍െറ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അവര്‍ പരീക്ഷണത്തിന് തയാറാവുകയായിരുന്നു.
ബഷീറിന് വൃക്ക നല്‍കിയ ഉമ്മയും സഹോദരനും തമിഴ്നാട്ടിലെ ഇന്ദ്രാണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സമാന രോഗമുള്ളവര്‍ക്ക് ആശ്വാസം പകരാന്‍ കാപ്പാട്ടെ ‘തണല്‍ ഹെല്‍ത്ത് കെയറി’ന്‍െറ പ്രവര്‍ത്തകന്‍ കൂടിയാണ് ബഷീറിപ്പോള്‍.





No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More