“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday, 26 March 2013

മനോരമക്ക് ഈജിപ്ത് എവിടെയാണെന്ന് അറിയില്ല ! ബണ്ടി ചോറു ള്ളപ്പോള്‍ എന്ത് മുര്‍സി ?

മലയാളത്തിലെ മുത്തശ്ശിപ്പത്രമെന്ന് അറിയപ്പെടുന്ന മനോരമ നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് നടന്നത്. മറ്റൊരു മുത്തശ്ശിയായ മാതൃഭൂമിക്ക് പ്രായം തൊണ്ണൂറ് കഴിഞ്ഞു. പ്രായം കൂടുന്തോറും പക്വത കൂടുമെന്ന് പഴമക്കാര്‍ പറയാറുണ്ടെങ്കിലും മാധ്യമങ്ങളെ സംബന്ധിച്ച് അതൊരു അസംബന്ധ പ്രസ്താവന മാത്രമാണെന്ന് വീണ്ടും ബോധ്യപ്പെടുത്തിത്തരികയാണ് ഈ വൃദ്ധമാധ്യമങ്ങള്‍. വയസ്സാവുമ്പോള്‍ ഓര്‍മ്മക്കുറവ് സംഭവിക്കുന്നത് മനുഷ്യന്‍മാരുടെ കാര്യത്തില്‍ സാമാന്യമാണ്. പക്ഷെ,തലച്ചോറിനു പകരം ഹാര്‍ഡ്‌ ഡിസ്കും മറ്റു മെമ്മറി ഉപകരണങ്ങളും ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഓര്‍മക്കുറവും സ്ഥിരകാല ബോധവും നഷ്ടമാവുന്നുവന്നത് മറ്റെന്തിന്റെയോ സൂചനയാണ്. കട്ടിക്കണ്ണട വെച്ച് അക്ഷരങ്ങള്‍ നുള്ളിപ്പെറുക്കി കമ്പോസ്‌ ചെയ്യുന്ന ലെറ്റര്‍ പ്രസ്സില്‍ നിന്നും അത്യാധുനിക ഓട്ടോമാറ്റിക്‌ മള്‍ട്ടി കളര്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജിയിലേക്ക്‌ വളര്‍ന്നതിന്റെ ക്രഡിറ്റ്‌ മാത്രമേ 'പ്രായമായെന്ന' അവകാശവാദത്തിനുള്ളൂവെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന മുര്‍സിയുടെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്ത പൂഴ്ത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്. 
 ഒരു രാജ്യത്ത്‌ ഒരു വിദേശ പ്രതിനിധി - അതൊരു കേവല വ്യാപാര സംഘമായാല്‍ പോലും - വന്നാല്‍ അതേക്കുറിച്ച് മാലോകരെ അറിയിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവുമെന്ന് തോന്നുന്നില്ല. എങ്കില്‍ പിന്നെ സമകാലിക ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ്‌ മുര്‍സി ഇന്ത്യയില്‍ വന്നത് മാത്രം മലയാളികളെ അറിയിക്കേണ്ട എന്ന് ഈ മുത്തശ്ശി പത്രങ്ങള്‍ വാശി പിടിച്ചത് എന്തിനാണ്? ഒരു പെട്ടിക്കോളം വാര്‍ത്ത പത്രത്തിന്റെ മൂലയില്‍ പോലും കൊടുക്കാതെ ഈയൊരു മുഖ്യവാര്‍ത്തയെ 'മുക്കിയ' വാര്‍ത്തയാക്കി മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ച ചേതോവികാരമേന്താണ്.
ഈജിപ്തില്‍ ആഞ്ഞടിച്ച മുല്ലപ്പൂ കൊടുങ്കാറ്റും അതിന്റെ തുടര്‍ച്ചകളും ലോകത്തെ സമയാസമയം അറിയിക്കാന്‍ ഈ 'മ'ധ്യമങ്ങള്‍ മടിച്ചിരുന്നില്ല. എന്നാല്‍ വിപ്ലവത്തിന്റെ അന്ത്യ ഘട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ എത്തുമെന്ന് വന്നപ്പോള്‍ വാര്‍ത്തകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ചു ഇവര്‍ കുഴയുന്നത് കണ്ടു വായനക്കാര്‍ ചിരിച്ചു കുഴഞ്ഞിട്ടുമുണ്ട്. മുര്‍സിയുടെ അധികാരലബ്ധിയുടെ നാളുകള്‍ വരെ തീവ്രവാദികള്‍ എന്ന വിശേഷണം കൂടാതെ ഇവര്‍ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ പേരെഴുതാറുണ്ടായിരുന്നില്ല. എന്നാല്‍ വിപ്ലവത്തിന്റെ ഒടുവില്‍ അവരുടെ രാഷ്ട്രീയ വിഭാഗമായ 'ഫ്രീഡം ആന്റ് ജസ്റ്റിസ്‌ പാര്‍ട്ടി' അധികാരത്തില്‍ എത്തുമെന്ന ഘട്ടം വന്നപ്പോള്‍ വാര്‍ത്തയെഴുത്തില്‍ മുത്തശ്ശിപത്രങ്ങള്‍ കാര്യമായ 'വിപ്ലവം' പ്രകടമാക്കി. അങ്ങനെ ബ്രദര്‍ ഹുഡ് മിതവാദി സംഘടനയായി. ഇനിയേതായാലും ഇങ്ങനെയൊക്കെ തന്നെ വാര്‍ത്തകള്‍ കൊടുത്തുകളയാമെന്ന് ആവര്‍ തീരുമാനിച്ച ഘട്ടത്തിലാണ് മുബാറക്കിന്റെ അനുയായികളും ഒരുപറ്റം അരാജകവാദികളും ഈജിപ്തില്‍ മുര്‍സിക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്‌. അത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ സുവര്‍ണാവസരമായി. ഭരണകൂടത്തിനെതിരെ നടക്കുന്ന 'പടുകൂറ്റന്‍' റാലികളും 'മഹത്തായ' അക്രമസമരങ്ങളും ബഹുവര്‍ണ ചിത്രങ്ങളുടെ അകമ്പടിയോടെ മലയാളികള്‍ക്ക്‌ മുമ്പില്‍ വിളമ്പിത്തുടങ്ങി അവര്‍. ചില വാര്‍ത്തകള്‍ വായിച്ചു കഴിയുമ്പോഴേക്കും മുര്‍സി പ്രസിഡണ്ട് സ്ഥാനവും രാജിവെച്ച് ഉഗാണ്ടയിലേക്ക് ഒളിച്ചോടിയിട്ടുണ്ടാവും എന്നുവരെ വായനക്കാര്‍ ചിന്തിച്ചു. ബ്രദര്‍ ഹുഡ് ഈജിപ്തിനെ താലിബാന്‍ രാഷ്ട്രമാക്കി പിരമിഡുകള്‍ തല്ലിത്തകര്‍ത്തുകളഞ്ഞിട്ടുണ്ടാവുമെന്നവര്‍ ശങ്കിച്ചു. പക്ഷെ ഒക്കെയും ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒരു മൂലയില്‍ തുടരുന്നുവെന്നല്ലാതെ അവിടെ കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്നു ചില മാധ്യമങ്ങളെങ്കിലും വെളിപ്പെടുത്തി. വ്യാപകമായ മുര്‍സി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ലോക മാധ്യമങ്ങള്‍ തന്നെ ബോധപൂര്‍വം നേതൃത്വം കൊടുത്തുവെന്ന് പിന്നീട് പലരും അടക്കം പറഞ്ഞു. ഏതായാലും ഫ്രീഡം ആന്റ് ജസ്റ്റിസ്‌ പാര്‍ട്ടി തന്നെയാണ് ഇന്നും ഈജിപ്ത് ഭരിക്കുന്നത്. അവരുടെ നേതാവ് മുഹമ്മദ്‌ മുര്‍സി തന്നെയാണ് ഈജിപ്തിന്റെ പ്രസിഡണ്ട്. 

മേല്‍ ഖണ്ഡികയുടെ അവസാന രണ്ടു വരികള്‍ പ്രിയപ്പെട്ട 'മ'നോരമയാദി പത്രങ്ങളുടെ പത്രാധിപന്മാര്‍ ഒരു പത്തുവട്ടം ആവര്‍ത്തിച്ചു വായിക്കണം. എന്നിട്ടും ബോധ്യം വന്നില്ലെങ്കില്‍ ഒരു നൂറു പ്രാവശ്യം എഴുതിപ്പഠിക്കണം. എന്നിട്ട് നമ്മുടെ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും  അടക്കമുള്ള മാധ്യമങ്ങള്‍ ഒന്നെടുത്തു പരിശോധിക്കണം. മലയാളത്തിലെ മാധ്യമവും തേജസും എന്തിന് കേരള കൗമുദി വരെ ഒന്നു കാണണം. അപ്പോള്‍ മനസ്സിലാവും നിങ്ങള്‍ കാണിച്ച മാധ്യമപ്രവര്‍ത്തനം ജേര്‍ണലിസമാണോ അതല്ല ജീര്‍ണലിസമാണോ എന്ന്. 
 നൂറ്റി ഇരുപത്തിയഞ്ചു വയസ്സുകാരി മനോരമയമ്മമ്മയുടെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത പ്രസിഡണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ത്യയിലെ വ്യാപാരി സമൂഹവും അടക്കം മുര്‍സിയുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയിട്ടും മൂന്നു ദിവസങ്ങളോളം അദ്ദേഹം ഇന്ത്യയില്‍ ചെലവഴിച്ചിട്ടും ഒരു ഫോട്ടോ പോലും ഇവര്‍ക്ക്‌ കിട്ടിയില്ല എന്നത് അത്ഭുതകരം തന്നെയാണ്. അവിടെയാണ് ജീര്‍ണലിസം ബാധിച്ച മനോരമയുടെയും മാതൃഭൂമിയുടെയും പുഴുത്തു നാറിയ അകക്കാമ്പ്‌ പുറത്തു വരുന്നത്. ഒരു ഇസ്ലാമിസ്റ്റ്‌ കക്ഷിയുടെ സാരഥി ഒരു രാജ്യത്തിന്റെ ചെങ്കോലേന്തി ഭാരതത്തില്‍ വരുമ്പോള്‍ ആ വാര്‍ത്ത രാജ്യനിവാസികളെ അറിയിച്ചാല്‍ ആളുകള്‍ക്ക് മുര്‍സിയെ കുറിച്ചുള്ള മതിപ്പ്‌ കൂടുമെന്നു ഇവര്‍ക്കറിയാം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിട്ടുവെന്നു തങ്ങള്‍ പ്രചരിപ്പിച്ചയാള്‍ ഒരു മാന്യനായ ഭരണാധികാരിയാണെന്നു തുറന്നെഴുതേണ്ടി വന്നാല്‍ ഇതുവരെ പറഞ്ഞു പരത്തിയതൊക്കെ തകര്‍ന്നു തരിപ്പണമാവുമെന്നും ഇവര്‍ക്ക്‌ ബോധ്യമുണ്ട്. പിന്നെയുള്ള ഏക വഴി വാര്‍ത്ത മുക്കലാണ്. ഏതു മുര്‍സി? എന്ത് മുര്‍സി? ഞങ്ങളൊന്നുമറിയില്ലേ രാമനാരായണ!ബണ്ടി ചോര്‍ എന്ന കാട്ടുകള്ളന്റെ അടിവസ്ത്രത്തിന്റെ മഹത്വം വരെ വായനക്കാരെ അറിയിച്ചവരുടെ വാര്‍ത്താ നിലവാരം മറന്നു കൊണ്ടല്ല ഇതൊന്നും പറയുന്നത്. ഒരു വ്യക്തിയോടോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടോ ഉള്ള വെറുപ്പ്‌ മുത്തശ്ശിപത്രങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കുന്നുവന്നതിന്റെ ഏറ്റവും പുതിയ തെളിവ് വായനക്കാരെ അറിയിച്ചുവെന്നു മാത്രം. നാളെ ഏതെങ്കിലും അറബ് ഭരണാധികാരികള്‍ ഇന്ത്യയില്‍ വന്നാല്‍ ആ വാര്‍ത്തയും മുക്കുമെന്നു ആരും ധരിക്കേണ്ടതില്ല. കാരണം അവരൊക്കെയും രാജാക്കന്‍മാരാണ്. പാരമ്പര്യമായി അധികാരം പങ്കിടുന്ന രാജകുടുംബങ്ങള്‍. പക്ഷെ മുര്‍സി അങ്ങനെയല്ല. അദ്ദേഹം ഇസ്ലാമിക രാഷ്ട്രീയ ബോധത്തിന്റെ പ്രതിനിധിയാണ്. ഇസ്ലാമാകാം, രാഷ്ട്രീയമാകാം. രണ്ടുപദങ്ങളും ഒരുമിച്ചു കേള്‍ക്കുമ്പോഴുള്ള അലര്‍ജി മാത്രമാണത്‌. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം ചൊറിച്ചില്‍. നിര്‍ഭാഗ്യകരമെന്നല്ലാതെ എന്ത് പറയാന്‍ , കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത പോലെ കണ്ണും കാതും അടച്ചു വെച്ച് മുറിയടച്ചിരുന്ന് ചൊറിഞ്ഞു തീര്‍ക്കുകയല്ലാതെ വൈദ്യശാസ്ത്രത്തില്‍ ഈ അസുഖത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലല്ലോ!

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More