“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday, 7 October 2011

പനിയുടെ രാഷ്ട്രീയം,ഡോ.പി.ഡി. സുമേഷ്

പനി കൊല്ലില്ല എന്നത് ഒരു പഴഞ്ചൊല്ലാണ്. ചികഞ്ഞെടുക്കാന്‍ ഇതില്‍ പതിരില്ല എന്നു പറയാം. എന്തെന്നാല്‍, പനി എന്നു പറയുന്ന അവസ്ഥയുണ്ടാക്കുന്നത് വൈറസ് അല്ല. മറിച്ച് ശരീരത്തിന്‍െറതന്നെ ഒരു പ്രതിരോധ സംവിധാനമാണ്.   ശരീരം നമ്മോട് വിശ്രമം ആവശ്യപ്പെടുന്നു. അതിനെ വിശ്രമിക്കാന്‍ അനുവദിക്കുക. ഏതു രോഗത്തിന്‍െറയും ഒന്നാമത്തെ ചികിത്സ വിശ്രമമാണ്. പരിചരണവും ഭക്ഷണ, പാനീയ  നിയന്ത്രണവുമെല്ലാം ഇതില്‍പ്പെടും. ഇന്‍ഫ്ളുവന്‍സ, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, പന്നിപ്പനി (എച്ച്1 എന്‍1) തുടങ്ങിയ വൈറല്‍ രോഗങ്ങളുടെ പ്രത്യേകത മനസ്സിലാക്കേണ്ടതുണ്ട്. ഏതാണ്ട് ഒരേ ഗണത്തില്‍പ്പെട്ട ഈ പനികള്‍ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല.  ഏതു കാലത്തും ഏത് സീസണിലും സംഭവിക്കാവുന്നതാണ്. ഈ പനിയോ  വൈറസോ ഒരാളെയും  കൊല്ലാന്‍ ശേഷിയുള്ളതല്ല. പിന്നെന്തുകൊണ്ട്  ഇത്രയധികം  മരണങ്ങള്‍?  ഇതിന് വ്യക്തമായ ഒരുത്തരമുണ്ട്. പത്രഭാഷയില്‍  വൈദ്യശാസ്ത്രം ഇരുട്ടില്‍  തപ്പുന്നു എന്നൊക്കെ പറയാമെങ്കിലും ഇവിടെ ആരും ഇരുട്ടില്‍ തപ്പുന്നില്ല എന്നതാണ് സത്യം. നമ്മള്‍  തുറന്നു കാണുക. കൊലയാളികളെ തിരിച്ചറിയുക: മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ക്ക്് മരുന്നില്ല എന്നാണ് അലോപ്പതി വൈദ്യശാസ്ത്രം പറയുന്നത്. ആന്‍റി  വൈറല്‍  മരുന്നുകള്‍ക്കായി ഗവേഷണങ്ങള്‍ എത്രയോ  നടക്കുന്നുണ്ട്. അതൊക്കെ  പോകട്ടെ, സാധാരണ അംഗീകാരമുള്ള  ഏതൊരു അലോപ്പതി  ഡോക്ടറും പഠിക്കുന്ന ഒൗഷധപാഠത്തില്‍ ഇതിന് ഉദ്ദേശിക്കുന്ന ചികിത്സ എന്താണെന്ന് ജനങ്ങള്‍ അറിയണം. ‘വിരലിലെണ്ണാവുന്ന  ദിവസം മാത്രം മനുഷ്യശരീരത്തില്‍ ജീവിച്ചിട്ട് ഈ വൈറസ് സ്വയം നശിക്കുന്നു. അതോടെ രോഗി ക്ഷീണാവസ്ഥ കടന്ന് ആരോഗ്യവാനായി തീരുന്നു. ഇതാണ് സത്യം. രോഗാവസ്ഥയില്‍ പൂര്‍ണ വിശ്രമം മാത്രം മതിയാകും. ലഘുവായ ആഹാരം. അസഹനീയമായ വേദനയോ പനിയോ അനുഭവപ്പെട്ടാല്‍ വേണമെങ്കില്‍ പാരാസെറ്റമോള്‍ പോലെയുള്ള  മരുന്നുകള്‍ മിതമായി (തുടര്‍ച്ചയായിട്ടല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം) കൊടുക്കാം. പക്ഷേ, ഒരു കാരണവശാലും ആന്‍റി ബയോട്ടിക്കുകള്‍ കൊടുക്കരുത്.’ എല്ലാ രോഗങ്ങള്‍ക്കും ദിവ്യ ഒൗഷധമല്ല ആന്‍റി ബയോട്ടിക്കുകള്‍. വൈറസ് ബാധയില്‍ ക്ഷീണിതമായിരിക്കുന്ന  ശരീരത്തിന് അവ ഹാനികരമാണ്. ആന്‍റി ബയോട്ടിക്കുകളും  പാരാസെറ്റമോളിന്‍െറ അമിത ഉപയോഗവും കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ച് മരണകാരണമാകുമ്പോള്‍  എലിപ്പനി എന്നു മുദ്രകുത്തി  തടിതപ്പുകയല്ളേ  അലോപ്പതി ഡോക്ടര്‍മാര്‍ ചെയ്യുന്നത്?ചികിത്സ ഇല്ല എന്ന് അലോപ്പതി വൈദ്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന  വൈറസിന് എന്തിന് ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നു? ഇന്‍ഫ്ളുവന്‍സ, ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിങ്ങനെയുള്ള  രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്  ശക്തിയേറിയ മരുന്നുകള്‍  അപകടം ഉണ്ടാക്കും എന്നുള്ള ഒൗഷധവിജ്ഞാനീയത്തെ അവഗണിക്കാന്‍ ഡോക്ടര്‍മാര്‍ക്കെങ്ങനെ  ധൈര്യം വന്നു. അവര്‍, മെഡിക്കല്‍ എത്തിക്സിനോടും ജനങ്ങളോടുമാണോ കൂറുപുലര്‍ത്തുന്നത്, അതോ മരുന്നു കമ്പനികളുടെ പ്രലോഭനങ്ങളോടോ?  മനുഷ്യന്‍െറ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഹോമിയോപ്പതിയും ആയുര്‍വേദവും പോലുള്ള മരുന്നുകളുടെ സാധ്യത എന്താണിവര്‍ അവഗണിക്കുന്നത്? ശാസ്ത്ര സാങ്കേതിക  വിജ്ഞാനങ്ങളെയും കണ്ടുപിടിത്തങ്ങളെയും സ്വന്തമാക്കിക്കൊണ്ട്, അതെല്ലാം  ജനങ്ങളുടെ പണം കവരാനും  സ്വന്തം നിലനില്‍പ്  ഭദ്രമാക്കാനുമുള്ള ഉപാധിയാക്കുകയല്ളേ ആധുനിക വ്യവസായ വൈദ്യം.ഭയം എന്ന വ്യാധി: രോഗത്തെപ്പറ്റിയുള്ള ഭയം ഒന്നിനുപിറകെ മറ്റൊന്നായി പരക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, എച്ച്1 എന്‍1, തുടങ്ങി ഏതൊക്കെ  വേഷങ്ങള്‍? ഇവയൊന്നും  മറ്റൊരു രാജ്യത്തും ഇത്രയധികം മരണകാരണങ്ങളുണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പധികാരികള്‍ മറുപടി  പറയേണ്ട മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഒട്ടും പേടിക്കാനില്ലാത്ത രോഗത്തെ  ഒരു ആളെക്കൊല്ലിയാക്കി പരിവര്‍ത്തിപ്പിച്ചതു കൂടാതെ, രോഗത്തെപ്പറ്റിയുള്ള  ഭയം പരത്തുകകൂടിയാണ് ചെയ്യുന്നത്. രാഷ്ട്രീയ പ്രസംഗകര്‍ മുതല്‍ മാധ്യമങ്ങള്‍ വരെ ഇതില്‍ അറിഞ്ഞോ അശ്രദ്ധകൊണ്ടോ പങ്കാളികളാകുന്നു.  രോഗഭയം  ഒരു ഹിസ്റ്റീരിയ പോലെ പടര്‍ന്നുപിടിക്കുന്നു. പനിയെയും ജലദോഷത്തെയും ജനം ഭയന്നുതുടങ്ങിയാല്‍ പിന്നെന്തിനാണ്  ചികിത്സാ സമ്പ്രദായങ്ങളും പുരോഗമനവും? ഈ ഫോബിയ  മൂലമുണ്ടാകുന്ന ശാരീരിക-മാനസിക  ക്ളേശങ്ങളും  പാര്‍ശ്വഫലങ്ങളും ആരുടെയെങ്കിലും  ഗവേഷണത്തിന് വിധേയമാകുന്നുണ്ടോ? ഇമ്യൂണിറ്റി: രോഗം ബാധിച്ച ശരീരത്തെ ശത്രുതയോടെ കാണുക, അതിന്മേല്‍ ശത്രുസേനക്കെതിരെയെന്നപോലെ  യുദ്ധം അഴിച്ചുവിടുകപണ്ടൊക്കെ പനിയെന്നു പറഞ്ഞ് ചെല്ലുന്ന രോഗികളോട് ഡോക്ടര്‍മാര്‍ പറയും: ‘സാരമില്ല...’ ഈ സാന്ത്വനം ഇന്ന് ഡോക്ടര്‍മാരില്‍നിന്നുണ്ടാകുന്നില്ല. ‘സാരമുണ്ട്’ എന്നാണവര്‍ പറയുക,  അല്ളെങ്കില്‍  അവര്‍ക്ക് ചുറ്റിലും നിരത്തിയിരിക്കുന്ന ഉപകരണങ്ങള്‍ പറയുക. അതും പോരെങ്കില്‍ ലബോറട്ടറി റൂമുകള്‍,  ആധുനികയന്ത്രങ്ങള്‍  ഒക്കെയും സാരമുണ്ടെന്നു  തന്നെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതൊരു മുതലാളിത്ത മിടുക്കാണ്. ചെറിയ മുറിവിനെയും പനിയെയും തുമ്മലിനെയുമൊക്കെ  സങ്കീര്‍ണമായ ഒരു രോഗാവസ്ഥയാക്കി മാറ്റുക, ഇങ്ങനെ രോഗികളാക്കി, പിന്നെ  ഇരകളാക്കി  നശിപ്പിക്കപ്പെടുന്നത് മലയാളികളാണ് എന്നത് അദ്ഭുതമാണ്. അഭ്യസ്ത വിദ്യരെന്നഭിമാനിക്കുകയും സമ്പാദിച്ചുകൂട്ടുന്ന പണത്തിന്‍െറ ഒരു പങ്കു കൊണ്ട് ഏതു നിമിഷവും വിലക്കുവാങ്ങാവുന്ന ഒന്നാണ് ‘ഇമ്യൂണിറ്റി’ അഥവാ രോഗ പ്രതിരോധശേഷി എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. ഈ പണത്തിനുമേല്‍ കണ്ണു വെച്ചുകൊണ്ടുയരുന്ന ബഹുനില  ചികിത്സാലയങ്ങളും അവയിലെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളും കാറില്‍ കറങ്ങിനടന്ന് ടൈംടേബിള്‍ വെച്ച് വിസിറ്റ്  ചെയ്യുന്ന സ്പെഷലിസ്റ്റുകളുമെല്ലാം  വെറും മോക്ഷകാംക്ഷികള്‍ മാത്രമോ?
ഭീഷണികള്‍: ചികുന്‍ഗുനിയയും പന്നിപ്പനിയും നാളെ അവസാനിച്ചേക്കാം. പക്ഷേ, അടുത്ത രോഗാണു പിന്നാലെ വരും, മറ്റൊരു പേരുമായി. അതും ഒരു വൈറസിന്‍െറ വികൃതിയായി തന്നെ  ചിത്രീകരിക്കപ്പെടും. ചികിത്സയില്ലാത്ത  വൈറസിനെ  ചികിത്സിക്കാന്‍ മരുന്നുകളുമായി ആധുനിക  വൈദ്യന്മാരെത്തും. മരുന്നുല്‍പാദകര്‍  അവരുടെ ‘ടാര്‍ഗറ്റ്’ തികക്കുമ്പോള്‍ അസുഖങ്ങളും അരങ്ങൊഴിയും. ഇവയെ നേരിടാന്‍ കേന്ദ്രസഹായം പോയിട്ട് സാക്ഷാല്‍  ദൈവത്തിന്‍െറ സഹായംപോലും മതിയാവില്ല.
യഥാര്‍ഥ രോഗം മനസ്സിലാക്കാന്‍ കഴിവുള്ള ജനത, ഇച്ഛാശക്തിയും യാഥാര്‍ഥ്യ ബോധവുമുള്ള ഭരണനേതൃത്വം, മെഡിക്കല്‍ എത്തിക്സിനോട് അഥവാ മനുഷ്യരോട് പ്രതിബദ്ധതയുള്ള ചികിത്സകര്‍, സര്‍വോപരി ഇവരെയെല്ലാം നയിക്കാന്‍തക്ക ശക്തിയും തിരിച്ചറിവുമുള്ള മാധ്യമപ്രവര്‍ത്തനം- ഇത്രയും ഒരേപോലെ നിലനില്‍ക്കുന്ന സമൂഹത്തിനേ ആരോഗ്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമാകൂ. അനാവശ്യ മരുന്നുകളുടെയും വാക്സിനുകളുടെയും പ്രചാരണവും വില്‍പനയും തടയാനുള്ള ആര്‍ജവം നാം കാണിക്കണം.
മരുന്നിന്‍െറയും രോഗത്തിന്‍െറയും രാഷ്ട്രീയം നാം അവഗണിച്ചുകൂടാ. ഓരോ പുതിയ രോഗങ്ങളും മൂന്നാം ലോക രാജ്യങ്ങളിലേക്കാണ് ഇന്ന് വിക്ഷേപിക്കപ്പെടുന്നത്. അനാവശ്യമായ വിഷങ്ങളും രാസവസ്തുക്കളും മരുന്നുകളുടെയും  വാക്സിനുകളുടെയും രൂപത്തില്‍ നമ്മുടെ ശരീരത്തിലേക്ക് എറിയപ്പെടുന്നു. ലോകത്തെവിടെയും വാക്സിനേഷന്‍ വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കുണ്ടായിരിക്കെ  അതുപോലും അടിച്ചേല്‍പിക്കുന്നതിന് നമ്മള്‍ സാക്ഷികളാണ്. മരുന്നുകളുടെയും വാക്സിന്‍െറയും ദൂഷ്യഫലം  അനുഭവിച്ച ആളുകള്‍ ഓരോ  മനുഷ്യന്‍െറയും  പരിചയ വലയത്തിലുണ്ടാകും. വിദഗ്ധമായി അതു മറയ്ക്കപ്പെടുന്നു എന്നു മാത്രം. 2000ാമാണ്ടില്‍ എല്ലാവര്‍ക്കും ആരോഗ്യവും 2010ാമാണ്ടില്‍ എല്ലാവര്‍ക്കും രോഗവും എന്നതായിരുന്നോ ഡബ്ള്യു.എച്ച്.ഒയുടെ ലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. രോഗം മാറുന്നതുവരെ കിടക്കയില്‍തന്നെ വിശ്രമിക്കാനാണ് ഒൗഷധവിജ്ഞാനീയം ആവശ്യപ്പെടുന്നത്. പനിയുടെ ഒരു കോംപ്ളിക്കേഷന്‍ കുട്ടികളിലുണ്ടാക്കുന്ന ഫിറ്റ്സ് ആണ്. രണ്ടു വയസ്സിനു താഴെ ഫിറ്റ്സ് ഉണ്ടായ കുട്ടികളാണെങ്കില്‍  പനി കൂടുന്ന സമയത്ത് നെറ്റിയില്‍  തുണി നനച്ചിട്ടുകൊടുത്താല്‍ മതിയാകും. പനി കുറയുന്നതുവരെ അത് തുടരുക. നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട പരിചരണം എന്ന സ്നേഹാംശത്തിന് പകരംനില്‍ക്കാന്‍ ഏതു മരുന്നാണ് തിരഞ്ഞെടുക്കുക!  ബന്ധനങ്ങളുടെയും മൂല്യങ്ങളുടെയും നഷ്ടത്തെപ്പറ്റി പ്രസംഗിച്ചാല്‍ മാത്രം മതിയോ മലയാളിക്ക്? പനിയിലെ രാഷ്ട്രീയത്തെ, അഥവാ ശരീരത്തിന്‍െറ  രാഷ്ട്രീയത്തെ ചികിത്സിച്ചാല്‍ മാത്രമേ നമുക്കും നാം തെരഞ്ഞെടുക്കുന്ന  ഭരണകൂടത്തിനും ചികുന്‍ഗുനിയയും എലിപ്പനിയുമൊക്കെ  ചികിത്സിച്ചുമാറ്റാന്‍ കഴിയൂ; ഇനി വരാനിരിക്കുന്ന രോഗങ്ങളെയും ചികിത്സിക്കാനും പ്രതിരോധിക്കാനുമാവൂ.(കോഴിക്കോട് മലാപറമ്പ് ഹോമിയോപ്പതി സ്പെഷ്യാലിറ്റി സെന്‍ററിലെ ഡോക്ടറാണ് ലേഖകന്‍)

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More